ഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഡൽഹി സന്ദർശനം തുടരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. യുപിയുടെ പുതിയ പദ്ധതികൾ ചർച്ച ചെയ്തു. കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെയാണ് ആദിത്യനാഥ് രാജ്യതലസ്ഥാനത്തെത്തിയത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണവും സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം യോഗി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബിജെപി. സത്യപ്രതിജ്ഞയുടെ തത്സമയ സംപ്രേക്ഷണത്തിനായി ജില്ലകളിൽ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രിയും മുഴുവൻ കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കൾക്കും പങ്കെടുക്കാമെന്നാണ് സൂചന. ഇത്തവണത്തെ സത്യപ്രതിജ്ഞ അടൽ ബിഹാരി ബാജ്‌പേയി സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് വിവരം.