വാട്സ്ആപ്പിലേക്ക് പുതിയൊരു ഫീച്ചറ് കൂടി എത്താൻ പോവുകയാണ്. ഇത്തവണ, വ്യത്യസ്തമായതും യൂസർമാർക്ക് ഇഷ്ടപ്പെടുന്നതുമായ സവിശേഷതയാണ് ആപ്പിലേക്ക് ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം വാട്സ്ആപ്പ് ഡിസ്‍പ്ലേ പിക്ചറായി (ഡി.പി) ‘അവതാറുകൾ’ ചേർക്കാൻ കഴിയുന്ന ഫീച്ചറിന് വേണ്ടിയാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് WABetaInfo അറിയിച്ചു.ഇഷ്‌ടാനുസൃതമായി അവതാറുകൾ നിർമിക്കാനും അവയുടെ പശ്ചാത്തല നിറം തിരഞ്ഞെടുക്കാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ എങ്ങനെയാണ് അനുവദിക്കുന്നതെന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ടും WABetaInfo പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ആനിമേറ്റഡ് അവതാർ ഉപയോഗിച്ച് വീഡിയോ കോളുകൾക്ക് ഉത്തരം നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചറിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇനി അഡ്മിന് പവറ് കൂടും; വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ
അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു ഫീച്ചർ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ് ഇപ്പോൾ. വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതിനാണ് പുതിയ ഫീച്ചർ. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഉള്ളത് പോലെ അഡ്മിൻമാർക്ക് ആരൊക്കെ ഗ്രൂപ്പിൽ കയറാമെന്നത് നിയന്ത്രിക്കാൻ അനുവദിക്കുന്ന ഫീച്ചർ വൈകാതെ തന്നെ നിലവിൽ വരും. ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ ആരെങ്കിലും കയറാൻ ശ്രമിച്ചാൽ ഉടൻ അഡ്മിന് നോട്ടിഫിക്കേഷൻ പോകും. അഡ്മിൻ സമ്മതം അറിയിച്ചാൽ മാത്രമേ ആളുകൾക്ക് ഗ്രൂപ്പിൽ കയറാൻ സാധിക്കുകയുള്ളൂ. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.22.18.9-ഇൽ ഈ അപ്‌ഡേറ്റ് ഇപ്പോൾ ടെസ്റ്റിങിലാണ്.