കോഴിക്കോട്∙ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ മാങ്കാവ് കിണാശേരിയിൽ 5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം മുബാറക്ക് (31) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ എംഡിഎംഎ വിൽപന നടത്തുന്നുണ്ട്. ബെംഗളൂരു, കോയമ്പത്തൂർ, തലശേരി എന്നിവിടങ്ങളിൽനിന്നും ട്രെയിൻ, ബസ് മാർഗമാണ് എംഡിഎംഎ കോഴിക്കോട് എത്തിക്കുന്നത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
നിലവിൽ പിടിച്ചെടുത്ത എംഡിഎംഎ 25,000 രൂപയ്ക്ക് പ്രതി തലശേരിയിൽനിന്നും വാങ്ങിയതാണ്. നേരത്തേ പ്രതി ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നു ലഹരിമരുന്ന് കോഴിക്കോട് നഗരത്തിൽ എത്തിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നും സമ്മതിച്ചു. എൻഡിപിഎസ് നിയമപ്രകാരം 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കുമേൽ ചുമത്തിയത്. സാധാരണയായി ആയിരം രൂപയുടെ ചെറിയ ബാഗുകളിൽ ആക്കി വിൽപ്പന നടത്താറാണ് പതിവെന്നും പ്രതി മൊഴി നൽകി. ലഹരിമരുന്ന് വിൽപനയ്ക്കായി പ്രതി ഉപയോഗിക്കുന്ന സ്കൂട്ടറും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു.