ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവിനെ പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ സാധനങ്ങൾക്ക് 50000 രൂപയിലധികം മാർക്കറ്റ് വില വരും. രജിന് ഇവ കൈമാറിയവരെപ്പറ്റി അന്വേഷണം ഊർജിതമാക്കി. ഐ ടി ഐ പഠനം കഴിഞ്ഞ രജിൻ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലഹരി ഉപയോഗിക്കുന്ന ഇയാൾ ലഹരിയുടെ കാരിയറായി ജോലിചെയ്ത് പണം സമ്പാദിക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
രജിനെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ശ്യാം, വി. വിനീത്, എച്ച്. താജുദ്ധീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ചെങ്ങന്നൂരിൽ ഹാഷിഷ് പിടികൂടുന്നത് ആദ്യമായാണ്.