മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം രാജിക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനെ പിന്തുണക്കുമെന്നും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും മുന്നണിക്കും ദോഷം വരുത്തുന്ന കാലു വാരലിൻ്റെയും വിതപ്രവർത്തനത്തിൻ്റെയും മൂർത്തമായ സാഹചര്യങ്ങളായിരുന്നു. ഇതിന് നേതൃത്വം നൽകുന്ന ഒറ്റുകാർ തന്നെ പാർട്ടിയുടെ ഡിസിഷൻ മേക്കേഴ്സായും പുതിയ സംസ്ഥാന നേതാക്കളായും അവരോധിക്കപ്പെടുന്ന കാഴ്ച തീർത്തും ആശ്ചര്യകരമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
മനസാക്ഷിക്ക് ഒരു നിലക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഇത്തരത്തിലുള്ള ഉൾപ്പാർട്ടി രാഷ്ട്രീയാനുഭവങ്ങളുടെ ആവർത്തനവും മതനിരപേക്ഷത ഈ കാലഘട്ടത്തിൽ നേരിടുന്ന അതിജീവനത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ തക്ക അടിസ്ഥാനപരമായ സംഘടനാ സ്വഭാവം കോൺഗ്രസിനില്ല എന്ന പരമമായ ബോധ്യത്തിനാലും പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. എന്നാൽ മതനിരപേക്ഷ മനസ്സുള്ള ഒരാൾക്കും പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാവുന്ന കാലഘട്ടത്തിലൂടെയല്ല നമ്മൾ കടന്നു പോവുന്നത്.
വർഗ്ഗീയ ശക്തികളും തീവ്രവാദ ശക്തികളും നീചമായ ധ്രുവീകരണനത്തിനായി കഠിന പരിശ്രമം നടത്തുന്ന കാലഘട്ടത്തിൽ , കേരളം ആ പരീക്ഷണത്തിൻ്റെ ഏറ്റവും അടുത്ത ലക്ഷ്യമായി നീങ്ങുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ തക്ക സംഘടനാ സ്വഭാവവും ജനസ്വാധീനവുമുള്ള ബഹുജന സംവിധാനങ്ങളെ പിന്തുണക്കുക എന്നത് ഒരു കർത്തവ്യമായി തന്നെ കരുതുന്നു. അതിനാൽ രാഷ്ട്രീയത്തെയും മതനിരപേക്ഷ ആശയസംസ്ഥാപനത്തെയും ഗൗരവത്തോടെ സമീപിക്കുന്ന സിപിഎമ്മിനെ പിന്തുണക്കുകയാണെന്നും അദ്ദേഹം കുറിച്ചു.