പയ്യന്നൂർ : മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി രണ്ടുപേർ പയ്യന്നൂരിൽ എക്സൈസിന്റെ പിടിയിൽ. പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ എ.കെ. ഹൗസിൽ പി. അബ്ഷാദ് (22), പെരുമ്പയിലെ ഓലക്കെന്റെകത്ത് വീട്ടിൽ അബ്ദുൾ മുഹൈമിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ്. ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തത്. പ്രതികളെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പയ്യന്നൂർ തണൽ പാർക്കിൽ നടത്തിയ പരിശോധനയിലാണ് 4.540 ഗ്രാം മാരക മയക്കുമരുന്നായ മെത്തഫിറ്റമിൻ കാറിൽ കടത്തിക്കൊണ്ട് വരവേ ഇവർ പിടിയിലായത്. പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രണ്ടുഗ്രാമിന് മുകളിൽ 10 വർഷംവരെ തടവും ഒരുലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം. യൂനസ്, പ്രിവന്റീവ് ഓഫീസർമാരായ വി. മനോജ്, പി.എം.കെ. സജിത് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പീതാംബരൻ, സുരേഷ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.