ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിനെ വഞ്ചന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒരു വ്യവസായിയുടെ കയ്യില്‍ നിന്നും 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി നടത്തുന്ന രവീന്ദര്‍ ചന്ദ്രശേഖറിനെ തമിഴ്നാട് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ വ്യവസായി ബാലാജിയെ 2018 ല്‍ പുതിയ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് രവീന്ദര്‍ സമീപിക്കുകയായിരുന്നു. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് ചെന്നൈ സ്വദേശിയെ രവീന്ദര്‍ ഈ ഇടപാടിന് സമ്മതിപ്പിച്ചത്. 2020 സെപ്തംബര്‍ 17ന് 15.83 കോടി കരാര്‍ പ്രകാരം വ്യവസായി രവീന്ദറിന് കൈമാറി.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ് ആരംഭിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് ചെന്നൈ ക്രൈം ബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ വ്യവസായി പറയുന്നത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാൻ നിർമ്മാതാവ് സമീപിച്ചെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക സഹായം തേടിയെന്നും പരാതിക്കാരൻ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിബി, ഇഡിഎഫ് എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ഏറ്റെടുത്തു. അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
തമിഴ് സിനിമ രംഗത്തെ ട്രേഡ് അനലിസ്റ്റ് കൂടിയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍ പല ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനങ്ങളെക്കുറിച്ച് ഇദ്ദേഹം വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം കൊടുക്കാറുണ്ട്. തമിഴില്‍ ചെറു ചിത്രങ്ങള്‍ എടുക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഇദ്ദേഹത്തിന്‍റെ ലിബ്ര പ്രൊഡക്ഷന്‍സ്. ‘നട്ട്പുന എന്നാണു തെറിയുമ’, നളനും നന്ദിനിയും, സുട്ട കഥെ എന്നിവയാണ് ഇദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍. 2020ലായിരുന്നു സംഭവം. കഴിഞ്ഞ വർഷമാണ് സീരിയൽ താരമായ മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. അതിന്‍റെ പേരില്‍ വലിയ സൈബര്‍ ആക്രമണം ഇദ്ദേഹത്തിനും ഭാര്യയ്ക്കും എതിരെ ഉണ്ടായിരുന്നു. അത് വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു അത്.