കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജന്റെ വിവാദ പ്രസംഗം. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പരാമർശം. ഇതിനെതിരെയായിരുന്നു ജയരാജന്റെ പ്രതികരണം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും പി ജയരാജൻ പറഞ്ഞു.
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജനെന്ന് അദ്ദേഹം ആരോപിച്ചു. ജയരാജൻ വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാർ. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്.
എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.