കര്‍ണാടകയില്‍ അഞ്ച് വയസുകാരിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. റൈച്ചുര്‍ ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് അറിയിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കര്‍ണാടകയില്‍ ആദ്യമായാണ് രോഗം സ്ഥിരീകരിത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു.
എന്താണ് സിക്ക വൈറസ്?
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.
പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിീവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
1. കൊതുക് കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
2. ഗർഭിണികൾ, ഗർഭധാരത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം.
4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.