ചെറായി : ‘ ഗ്രാമീണ കായൽ ടൂറിസം’ പദ്ധതികൾ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് വൈപ്പിൻ നിവാസികൾ. കടമക്കുടി ഉൾപ്പെടെയുള്ള വൈപ്പിൻ മണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 1.6 കോടി രൂപ പ്രാഥമിക വിഹിതമായി അനുവദിച്ചിട്ടുണ്ട്. എട്ടുകോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ‘ ടൂറിസം കോറിഡോർ’ പദ്ധതിയുടെ ഭാഗമായാണിത്. ബജറ്റിലെ പ്രഖ്യാപനങ്ങളെത്തുടർന്ന് മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ വികസനപദ്ധതികൾ രൂപവത്കരിക്കപ്പെടുമെന്നാണ് വൈപ്പിനിലെ ജനങ്ങളുടെ പ്രതീക്ഷ. ഇങ്ങനെയെങ്കിൽ ടൂറിസത്തിലൂടെ വൈപ്പിനിന്റെ മുഖച്ഛായതന്നെ മാറ്റാൻ സാധിക്കും.
ചെറായി തുണ്ടിറപ്പറമ്പിൽ മിശ്രഭോജന സ്മാരകം, പണ്ഡിറ്റ് കറുപ്പൻ സ്മാരകമന്ദിരം ഇവയ്ക്കായുള്ള പുതിയ ബജറ്റ് വിഹിതങ്ങളെ, ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ച് ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.
മൊത്തം 10.8 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിന്റെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിൽ നടപ്പാക്കപ്പെടുന്നത്. ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപകല്പന ചെയ്താൽ വൈപ്പിൻകരയുടെ സമഗ്രവികസനത്തിന് ഇത് കാരണമാകും.
വീതിയുള്ള കായലോര റോഡ് വേണം
അവഗണിക്കപ്പെട്ട കായലോര റോഡുകളാണ് കിഴക്കൻ മേഖലയുടെ പ്രധാന പ്രതിസന്ധി. ചില ഭാഗങ്ങൾ മികച്ചരീതിയിൽ ടാർ ചെയ്തിട്ടുണ്ടെങ്കിലും ചിലയിടങ്ങൾ മോശം സ്ഥിതിയാണ്. വാഹനപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനപാതയിലെ തിരക്ക് കുറയ്ക്കാൻ കായലോര സമാന്തര പാത അനിവാര്യമാണ്. മുനമ്പം-അഴീക്കോട് പാലം യാഥാർഥ്യമാകുന്ന കാലത്തെ വൈപ്പിൻ റോഡിലെ തിരക്കുകൂടി മുൻകൂട്ടി കാണാനാകണം. മുനമ്പം വഴി വരുന്ന ദീർഘദൂര വാഹനങ്ങളെയും ഹെവി വാഹനങ്ങളെയും കിഴക്കൻറോഡ് വഴി തിരിച്ചുവിടാനുള്ള പദ്ധതികളും ആവിഷ്കരിക്കണം. നിലവിൽ കിഴക്കൻ റോഡിന്റെ വീതിക്കുറവാണ് പ്രധാന പ്രതിസന്ധി. കായൽറോഡ് പോലെതന്നെ കിഴക്കൻ മേഖലയിലേക്ക് എത്തപ്പെടാനുള്ള ഗുണമേന്മയുള്ള ഇടറോഡുകളും ആവശ്യമാണ്. ഇതിന് പഞ്ചായത്തുകൾ കൂടി മനസ്സുവെക്കണം.
കൃഷിയുടെ കൂടെ ടൂറിസവും
ഒരുകാലത്ത് മികച്ചനിലയിൽ പൊക്കാളി കൃഷി ചെയ്തിരുന്ന മിക്കവാറും കിഴക്കൻ പാടങ്ങളിൽ ഇപ്പോൾ കൃഷിയില്ല. ടൂറിസം സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് നെൽകൃഷി പരിപോഷിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ എടുക്കണം. നെൽകൃഷിയിൽ ‘ വൈപ്പിൻ മോഡൽ’ മാതൃകാപരമായി നടപ്പാക്കാനാകും. നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി വിളമ്പാൻ തദ്ദേശവാസികൾക്ക് അവസരം ലഭിച്ചാൽ ഭക്ഷണപ്രേമികളും ഇവിടേക്ക് ആകർഷിക്കപ്പെടും. ജലാശയങ്ങളിൽ മത്സ്യം വളർത്തുകയും അതിനെ ചൂണ്ടയിട്ട് പിടിച്ച് അവരുടെ മുന്നിൽെവച്ച് പാചകംചെയ്ത് കൊടുക്കുന്നതുമൊക്കെ പലയിടങ്ങളിലും വിജയിച്ച ചില മാതൃകകളാണ്.
മുസിരിസിലേക്ക് ബോട്ടുയാത്ര
കായൽ ഗതാഗത സാധ്യതകളും ഉപയോഗിക്കാം. മുസിരിസ് പൈതൃക പദ്ധതിയിൽ കായൽ ടൂറിസം മുന്നിൽ കണ്ടുകൊണ്ട് മുസിരിസ് ഉല്ലാസബോട്ട് യാത്ര ആരംഭിച്ചെങ്കിലും അത് പൂർണ അവസ്ഥയിലായിട്ടില്ല. മറ്റു കായൽദ്വീപുകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.