കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് 12 കോടിയിൽപരം രൂപ തട്ടിയ സംഭവത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബാങ്ക് നൽകിയ ഹരജി പരിഗണിച്ചപ്പോൾ കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഹൈകോടതി നേരത്തെ നിർദേശിച്ചിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ ബാങ്ക് ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന ചട്ടമുള്ളതിനാൽ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.തുടർന്നാണ് ആദ്യം കേസന്വേഷിച്ച ടൗൺ പൊലീസിൽനിന്നടക്കം റിപ്പോർട്ട് വാങ്ങി സി.ബി.ഐ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും. കോര്‍പറേഷന്റേതുള്‍പ്പെടെ 17 അക്കൗണ്ടുകളില്‍നിന്ന് 21.29 കോടി രൂപയുടെ ക്രമക്കേട് നടത്തി അതില്‍ 12.68 കോടി രൂപ മുൻ സീനിയർ മാനേജർ എം.പി. റിജിൽ തട്ടിയെന്നാണ് കേസ്. 2022 നവംബർ അവസാനമാണ് തട്ടിപ്പ് പുറത്തായത്. ഡിസംബര്‍ 14ന് റിജിലിനെ അറസ്റ്റ് ചെയ്യുകയും ഫെബ്രുവരിയില്‍ കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തു.