മുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് ന്യൂഡൽഹിയിലെ വീട്ടിൽനിന്ന് ഒളിച്ചോടിയ 14കാരി എത്തിപ്പെട്ടത് മഹാരാഷ്ട്രയിൽ. രക്ഷകവേഷത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ എത്തിയതോടെ മാതാപിതാക്കൾക്ക് പെൺകുട്ടിയെ തിരിച്ചുകിട്ടി.
ശനിയാഴ്ച രാവിലെ മുംബൈയ് വസായിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു കർവാഡെ (35) പാൽഘറിലെ വസായ് റെയിൽവേ സ്റ്റേഷന് പുറത്ത് യാത്രക്കാരെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വന്ന് പ്രദേശത്ത് താമസിക്കാൻ മുറി ലഭിക്കുമോ എന്ന് അന്വേഷിച്ചു. സംശയം തോന്നിയ ഡ്രൈവർ പെൺകുട്ടിയുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വിവരം തിരക്കി. താൻ ന്യൂഡൽഹിയിൽ നിന്നാണെന്നും തനിച്ചാണ് ഇവിടെ എത്തിയതെന്നും അറിയിച്ചു.
ഓട്ടോ ഡ്രൈവർ ഉടൻ തന്നെ ട്രാഫിക് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ മണിക്പുർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ന്യൂഡൽഹിയിലെ പുഷ്പ വിഹാർ സ്വദേശിയാണെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മ സമ്മർദ്ദം ചെലുത്തിയതിനാൽ വെള്ളിയാഴ്ച വീട്ടിൽനിന്ന് ഓടിപ്പോന്നതാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. ഉടൻ ഇവർ ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് സകേത് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ ഉടൻ അറിയിച്ചു. അവർ വിമാനത്തിൽ മുംബൈയിൽ എത്തുകയും പെൺകുട്ടിയെ കണ്ടുമുട്ടുകയുമായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ ആദരിച്ചതായി സീനിയർ ഇൻസ്‌പെക്ടർ ഭൗസാഹെബ് കെ. അഹർ പറഞ്ഞു.