ന്യൂഡൽഹി: രാജ്യത്തെ എം.എൽ.എമാരിൽ 44 ശതമാനം ക്രിമിനൽ കേസിലെ പ്രതികൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം (എ.ഡി.ആർ), നാഷണൽ എലക്ഷൻ വാച്ച് (എൻ.ഇ.ഡബ്ല്യു) എന്നിവർ ചേർന്ന് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നിലവിൽ സംസ്ഥാന മന്ത്രിസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ എം.എൽ.എമാരുടെയും സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്.
28 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 4033 എം.എൽ.എമാരാണ് രാജ്യത്തുള്ളത്. ഇതിൽ 4001 എം.എൽ.എമാരുടെ സത്യവാങ്മൂലമാണ് പഠനവിധേയമാക്കിയത്. വിശകലനം ചെയ്ത എം.എൽ.എമാരിൽ 1136 പേരും കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടവരാണ്. കേരളത്തിലെ 135 എം.എൽ.എമാരിൽ 95 പേർക്കെതിരെയും കേസുകളുണ്ട്. ബിഹാറിലെ 242 എം.എൽ.എമാരിൽ 161 പേർക്കെതിരെയും, ഡൽഹിയിൽ 70 ൽ 44 എം.എൽ.എമാർക്കെതിരെയും, മഹാരാഷ്ട്രയിലെ 284 എം.എൽ.എമാരിൽ 175 പേർക്കെതിരെയും കേസുകളുണ്ടെന്നും എ.ഡി.ആർ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തമിഴ്നാട്ടിൽ 224 എം.എൽ.എമാരിൽ 134 പേർക്കെതിരെ കേസുണ്ട്. തെലങ്കാനയിലെ 118ൽ 72 എം.എൽ.എമാർക്കെതിരെയും കേസുകളുണ്ട്. ഡൽഹിയിലെ 70 എം.എൽ.എമാരിൽ 37 പേർക്കെതിരെയും, ബിഹാറിലെ 242 എം.എൽ.എമാരിൽ 122 പേർക്കെതിരെയും, മഹാരാഷ്ട്രയിൽ 284ൽ 114 എം.എൽ.എമാർക്കെതിരെയും, ഗുരുതരമായ ക്രിമിനൽ കേസുകളുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാർഖണ്ഡ് 79ൽ 31, തെലങ്കാന 118ൽ 46, ഉത്തർപ്രദേശിൽ 403ൽ 155 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ മറ്റ് കണക്കുകൾ.
ആകെ വിശകലനം ചെയ്ത എം.എൽ.എമാരിൽ 114 പേർ സ്ത്രീകളെ അക്രമിച്ച കേസിലെ പ്രതികളാണ്. ഇതിൽ 14 പേർ ബലാത്സംഗക്കേസിലെ പ്രതികളാണെന്നും റിപ്പോർട്ടിലുണ്ട്. ക്രിമിനൽ കേസുകൾക്ക് പുറമെ എം.എൽ.എമാരുടെ സ്വത്തുവിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശരാശരി ആസ്തി 13.63 കോടിയാണെന്നിരിക്കെ ക്രമിനൽ കേസുകളിൽ അകപ്പെട്ട എം.എൽ.എമാർക്ക് ഇത് ശരാശരി 16.36 കോടി രൂപയോളമാണ്. എം.എൽ.എമാരുടെ ശരാശരി ആസ്തിയിൽ മുന്നിൽ കർണാടകയാണ്. 64.39 കോടിയാണ് കർണാടകയിലെ എം.എൽ.എമാരുടെ ശരാശരി ആസ്തി. ആന്ധ്രാപ്രദേശിൽ 28.24 കോടി, മഹാരാഷ്ട്ര 23.51 കോടി എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ത്രിപുരയാണ് പട്ടികയിൽ അവസാനം. 1.54 കോടിയാണ് സംസ്ഥാനത്തെ ആകെ എം.എൽ.എമാരുടെ ശരാശരി ആസ്തി. ബംഗാൾ 2.80 കോടി, കേരളം 3.15 കോടി എന്നിങ്ങനെയാണ് കുറഞ്ഞ കണക്കുകൾ. വിശകലനം ചെയ്ത 4001 എം.എൽ.എമാരിൽ 88 പേർക്കും 100 കോടിയോ, അതിലധികമോ ആണ് ആസ്തി. കർണാടകയിലാണ് ഏറ്റവും കൂടുതൽ കോടിപതികളുള്ളത്. 14 ശതമാനമാണ് സംസ്ഥാനത്തെ കണക്ക്. അരുണാചലിൽ ഏഴ് ശതമാനവും, ആന്ധ്രയിൽ 10 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഹിമാചൽ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ എം.എൽ.എമാരും കോടിപതി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.