ന്യൂഡൽഹി ∙ ബംഗാളിൽ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപേർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊട്ടിത്തെറിയിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നോർത്ത് 24 പർഗനാസ് ജില്ലയിൽ ദുട്ടപുകുരിൽ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണ ശാലയിൽ ഞായറാഴ്ച രാവിലെയായിരുന്നു പൊട്ടിത്തെറി. നിരവധിപേരാണ് അപകടസമയത്ത് ജോലി ചെയ്തിരുന്നത്. പൊട്ടിത്തെറിയിൽ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. പടക്കനിർമാണത്തിനുളള വസ്തുക്കൾ വൻതോതിൽ സൂക്ഷിച്ചതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. സമീപത്തെ വീടുകൾക്കടക്കം പൊട്ടിത്തെറിയിൽ കേടുപാടുകളുണ്ടായി.
അപകടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. മേയിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറിയുണ്ടായപ്പോൾ പടക്കനിർമാണത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പിന്നീട് അതു നടപ്പാക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സുവേന്ദു ആരോപിച്ചു. മേയ് 16ന് ഈസ്റ്റ് മേദിനിപുരിൽ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചിരുന്നു.