തിരുവനന്തപുരം : രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിൽ സിപിഎം. ഇക്കാര്യത്തിൽ സിപിഐയുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കാൻ ധാരണയായി. സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനികളെ ഓർമിക്കാനായി പരിപാടികൾ സംഘടിപ്പിക്കും. സിപിഎം നടത്തിയ പോരാട്ടങ്ങളുടെ ക്യാംപയിനും നടത്തും. ഓഗസ്റ്റ് 15ന് എല്ലാ പാർട്ടി ഓഫിസുകളിലും ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലും.
∙ ജിഎസ്ടി നിരക്കുയർത്തിയത് പ്രതിഷേധാർഹം
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്കു കൂട്ടിയത് പ്രതിഷേധാർഹമാണെന്നും കോടിയേരി പറഞ്ഞു. ഇതുമൂലം അരി അടക്കമുള്ള സാധനങ്ങളുടെ വില വർധിക്കും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നേരത്തെ തന്നെ പെട്രോൾ, ഗ്യാസ് വിലവർധനവിലൂടെ വലിയ ബാധ്യതയാണ് കേന്ദ്രം അടിച്ചേൽപ്പിച്ചത്. കേന്ദ്രനയത്തിനെതിരെ പ്രദേശിക തലത്തിൽ ഓഗസ്റ്റ് 10ന് ധർണ നടത്തുമെന്നും കോടിയേരി അറിയിച്ചു.
കിഫ്ബി പദ്ധതികളുടെ പേരില്‍ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെതിരെ ഇഡി നോട്ടിസ് അയച്ചത് കിഫ്ബിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വികസന പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇഡിക്കെതിരെ കോൺഗ്രസ് നിയമസഭയിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് ഞെട്ടിയുണർന്നതെന്ന് കോടിയേരി പരിഹസിച്ചു.
എൽഡിഎഫ് കൺവീനർ ജയരാജനെതിരെയുള്ള യാത്രാവിലക്ക് ദൗർഭാഗ്യകരമാണെന്നും കോടിയേരി പറഞ്ഞു. അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കുന്ന മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കെതിരെ പോലും കേസെടുക്കുകയാണ്. ഇതു ബന്ധപ്പെട്ടവർ തിരുത്തണം. ഏതെങ്കിലും പത്രത്തെ നിരോധിക്കണമെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്ന് ജലീലിനെതിരെയുള്ള ആരോപണങ്ങളോടു കോടിയേരി പ്രതികരിച്ചു.