അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന് പിന്നാലെ നഗര മേഖലയിലെ വോട്ടർമാരോട് അഭ്യർഥനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കന്നി വോട്ടർമാരടക്കം എല്ലാവരും മടിച്ചു നിൽക്കാതെ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യർഥന. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സൂറത്ത്, രാജ്കോട്ട്, ജാംനഗർ തുടങ്ങിയ നഗരങ്ങളിൽ 2017 നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞിരുന്നു.
സംസ്ഥാന ശരാശരിയേക്കാളും കുറവായിരുന്നു ഈ നഗരങ്ങളിലെ വോട്ടിങ്. പല നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വർധിച്ചപ്പോൾ നഗരങ്ങളിലെ വോട്ടിംഗ് ശതമാനം 62.53 ശതമാനമാണ് രേഖപ്പെടുത്തിയത്. 2017ൽ 75.6 ശതമാനമായിരുന്നു വോട്ടിങ് നിരക്കെങ്കിൽ ഇത്തവണ നിന്ന് 13 ശതമാനം കുറഞ്ഞെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നഗര പ്രദേശങ്ങളിലാണ് വോട്ടിങ് കുറവെന്നും കമ്മീഷൻ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിച്ചിരുന്നു. ഡിസംബർ 5 നാണ് ഗുജറാത്തിൽ അവസാനഘട്ട തെരഞ്ഞെടുപ്പ്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങളുൾപ്പെടെ വടക്കൻ, മധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായി 800-ലധികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണൽ.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) എന്നിവരാണ് പ്രധാനമായി മത്സരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ചിലയിടങ്ങളിൽ വിമത സ്ഥാനാർഥികളുടെ വെല്ലുവിളിയും ബി.ജെ.പി നേരിടുന്നു.