കോഴിക്കോട് : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണിക്കൃഷ്ണന്റെ ജീവചരിത്ര ഗ്രന്ഥം ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം പി സൂര്യദാസാണ് ഗ്രന്ഥകർത്താവ്.
കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ കെ പി ഉണ്ണിക്കൃഷ്‌ണന് മൂന്ന് പതിറ്റാണ്ടായി പദവി നൽകാത്തത് നിർഭാഗ്യകരമെന്ന് പുസ്‌തകപ്രകാശനം നിർവഹിച്ച് പിണറായി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരിക്കെയാണ് ഉണ്ണികൃഷ്‌ണൻ കോൺഗ്രസിൽ തിരികെയെത്തിയത്. അത് പദവിയോ സ്ഥാനമോ പറഞ്ഞുറപ്പിച്ചായിരുന്നില്ല. 94ന് ശേഷം ഒരു പദവിയും കോൺഗ്രസ് അദ്ദേഹത്തിന് നൽകിയിട്ടില്ല – മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിച്ചയാളാണ് ഉണ്ണിക്കൃഷ്ണൻ. എല്ലാ കാലത്തും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. പാർലമെന്റിലെ പ്രതിപക്ഷ നിരയിൽ ഉണ്ണിക്കൃഷ്ണന്റെ സാന്നിധ്യം കോൺഗ്രസിന് തലവേദനയായിരുന്നു. ബോഫോഴ്‌സ് വിഷയത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ അദ്ദേഹം നടത്തിയ പ്രസംഗം പാർലമെന്റിലെ ഉജ്വല സന്ദർഭങ്ങളിലൊന്നാണ്. വി പി സിങ് മന്ത്രിസഭാംഗമായിരിക്കേ അദ്ദേഹം കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടത്തിയ ശ്രമം വലുതായിരുന്നുവെന്നും പിണറായി പറഞ്ഞു.
മന്ത്രി എ കെ ശശീന്ദ്രൻ പുസ്‌തകം ഏറ്റുവാങ്ങി. മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ കെ വിജയൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, മാതൃഭൂമി ഡിജിറ്റൽ മീഡിയ ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ, എം പി സുരേന്ദ്രൻ, എം പി സൂര്യദാസ് എന്നിവർ സംസാരിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ അധ്യക്ഷനായി.