നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ കാരണവും ലക്ഷ്യവുമുണ്ട്. അതുപോലെ തന്നെ ഓരോ പ്രവര്‍ത്തനത്തിലും നാം മനസിലാക്കുന്നതിലും അപ്പുറത്ത് പല ഘടകങ്ങളും സഹായകരമായി വരാറുണ്ട്. ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ രക്തം അധികം പോകാതെ കട്ട പിടിപ്പിച്ച് മുറിവ് കൂടുന്നതിനും ചതവില്ലാതെ സുരക്ഷിതമാക്കാനുമെല്ലാം നമുക്ക് വേണ്ടുന്നൊരു ഘടകത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മറ്റൊന്നുമല്ല, വൈറ്റമിൻ-കെ ആണ് ഈ ഘടകം. മുകളില്‍ സൂചിപ്പിച്ചത് പോലെ മുറിവുകളോ പരുക്കുകളോ ഉണ്ടാകുമ്പോള്‍ രക്തസ്രാവം നിലയ്ക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും നമ്മെ പ്രതികൂലമായി ബാധിക്കുമല്ലോ. അതുപോലെ ചതവോ പൊട്ടലോ സംഭവിക്കുന്നതും. ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിൻ കെ കാര്യമായ അളവില്‍ ഇല്ലെങ്കില്‍ ഈ ഭീഷണിയെല്ലാം നിലനില്‍ക്കുന്നതാണ്.
വൈറ്റമിൻ കെ പ്രധാനമായും രണ്ട് രീതിയിലാണ് നമ്മളിലേക്കെത്തുന്നത്. ഒന്ന് സസ്യാഹാരങ്ങളില്‍ നിന്ന്,രണ്ട് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ബാക്ടീരിയകളില്‍ നിന്ന്. ഈ രണ്ട് സ്രോതസാണ് വൈറ്റമിൻ കെയ്ക്ക് ഉള്ളത്. ശരീരത്തില്‍ നിന്നുള്ള വൈറ്റമിൻ മാത്രം പോര നമുക്ക്. അപ്പോള്‍ ഭക്ഷണത്തിലൂടെയും ഇത് കണ്ടെത്തണം. അങ്ങനെയെങ്കിലും ഏതെല്ലാം ഭക്ഷണം കഴിക്കണം? ഇതാ ഇത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് കൂടി അറിയാം…
ഒന്ന്…
ഇലക്കറികളാണ് ഇതില്‍ ഒന്നാമതായി വരുന്നത്. ചീര, കാബേജ്, ലെറ്റൂസ് എന്നിവയെല്ലാം വൈറ്റമിൻ കെയുടെ സമ്പന്നമായ കലവറകളാണ്. ഇതിന് പുറമെ ഇവയിലെല്ലാം ഡയറ്ററി ഫൈബര്‍, വൈറ്റമിൻ-എ, വൈറ്റമിൻ-സി, ഫോളേറ്റ്, മഗ്നീഷ്യം, അയേണ്‍ എന്നിങ്ങനെ ആരോഗ്യത്തെ പല രീതിയില്‍ സ്വാധീനിക്കുന്ന പല ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
രണ്ട്…
അധികമാരും എപ്പോഴും കഴിക്കാൻ തെരഞ്ഞെടുക്കാത്തൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും വൈറ്റമിൻ കെയുടെ നല്ല സ്രോതസാണ്. ഒരു കപ്പ് ബ്രൊക്കോളി പാകം ചെയ്തതില്‍ ഏകദേശം 220 മൈക്രോഗ്രാം വൈറ്റമിൻ കെയുണ്ട്.
മൂന്ന്…
ആദ്യമേ സൂചിപ്പിച്ചത് പോലെ കോളിഫ്ളവറും വൈറ്റമിൻ-കെയുടെ നല്ല ഉറവിടമാണ്. ഇത് ഫൈബറിനാലും സമൃദ്ധമാണ്. ഇവയ്ക്ക് പുറമെ കോളിൻ, സള്‍ഫോറഫേൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കോളിഫ്ളവറില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളിഫ്ളവറിലാണെങ്കില്‍ 15.5 മൈക്രോഗ്രാം വൈറ്റമിൻ- കെ അടങ്ങിയിരിക്കുന്നു. വേവിച്ച കോളിഫ്ളവറാണെങ്കില്‍ 17.1 മൈക്രോഗ്രാമും അടങ്ങിയിരിക്കുന്നു.
നാല്…
നമ്മുടെ നാട്ടില്‍ അധികം കണ്ടുവരാത്തൊരു പച്ചക്കറിയാണ് ബ്രസല്‍ സ്പ്രൗട്ട്സ്. ഇതും വൈറ്റമിൻ-കെയുടെ നല്ല ഉറവിടമാണ്. ഇതിന് പുറമെ പ്രോട്ടീൻ, ഫൈബര്‍, വൈറ്റമിൻ-സി എന്നിവയെല്ലാം ബ്രസല്‍ സ്പ്രൗട്ടിന്‍റെ ആകര്‍ഷണങ്ങളാണ്. വയറ്റിലെ ക്യാൻസര്‍, ശ്വാസകോശം, വൃക്കം, സ്തനം, മൂത്രാശയം, പ്രോസ്റ്റേറ്റ് എന്നിങ്ങനെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനെയെല്ലാം പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണം കൂടിയാണ് ബ്രസല്‍ സ്പ്രൗട്ട്.
അഞ്ച്…
അല്‍പം പുളിപ്പിച്ച ശേഷം കഴിക്കുന്ന ഭക്ഷണങ്ങളും വൈറ്റമിൻ-കെയുടെ ഉറവിടമായി മാറാറുണ്ട്. ചീസ്, മറ്റ് പാലുത്പന്നങ്ങള്‍, ഇറച്ചി സൂക്ഷിച്ചുവച്ചത് എന്നിവയെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.