അഹമ്മദാബാദ്: യു.എസ്-മെക്സിക്കോ അതിർത്തിയിലെ ട്രംപ് മതിൽ കയറി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ 32കാരൻ വീണുമരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗാന്ധിനഗർ സ്വദേശിയായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്. ഭാര്യ, മൂന്ന് വയസ്സുകാരനായ മകൻ എന്നിവരോടൊപ്പമാണ് ഇയാൾ യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചത്. ബ്രിജ്കുമാർ യാദവും ഭാര്യയും മൂന്ന് വയസ്സുള്ള മകനും രണ്ടാഴ്ച മുമ്പാണ് യുഎസിലേക്ക് യാത്ര ആരംഭിച്ചത്. യുഎസിലേക്ക് കുടിയേറാൻ ഇവർ കലോലിലെ ഒരു ഏജന്റിനെ സമീപിച്ചിരുന്നു.കലോൽ ജിഐഡിസിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു യാദവ് ജോലി ചെയ്തിരുന്നത്. ഇയാളോടൊപ്പം 40 പേരും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ചയാണ് അപകടം നടന്നത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് യുഎസിലെ സാൻഡിയാഗോയിലേക്ക് അതിർത്തി കടക്കേണ്ട അതിർത്തി മതിലാണ് ഇവർ കടക്കാൻ ശ്രമിച്ചത്. യാദവ് തന്റെ കുഞ്ഞിനെ കൈയിൽ പിടിച്ച് മെറ്റൽ പ്ലേറ്റുകളും മുള്ളുകമ്പികളുമുള്ള കോൺക്രീറ്റ് ഭിത്തി മറികടക്കാൻ ശ്രമിച്ചു. ഭാര്യയും ഒപ്പം കൂടി. യാദവും കുട്ടിയും ടിജുവാന ഭാഗത്തേക്ക് തന്നെ വീണു. ഭാര്യ സാൻഡിയാഗോ ഭാഗത്ത് 30 അടി താഴ്ചയിൽ വീണു. കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുട്ടിയും ഇപ്പോൾ രണ്ട് രാജ്യത്താണ്.
ഡിങ്കുജ ഗ്രാമത്തിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ബോറിസാന ഗ്രാമത്തിലെ ടെലിഫോൺ കോളനിയിലെ താമസക്കാരനായിരുന്നു യാദവ്. ഇവിടെ നിന്ന് പകുതിയോളം പേരും യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി യുഎസ് അഭയത്തിനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്.
കുട്ടിയെ ടിജുവാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകളും ഇടുപ്പെല്ലും ഒടിഞ്ഞ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 19 ന് ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേലും (35) ഭാര്യ വൈശാലിയും (33) അവരുടെ രണ്ട് മക്കളും യുഎസിലേക്ക് കടക്കാൻ ശ്രമിക്കവെ കാനഡ അതിർത്തിയിലെ തണുപ്പേറിയ സ്ഥലത്ത് മരിച്ച നിലയിൽ കനേഡിയൻ പോലീസ് കണ്ടെത്തിയിരുന്നു.