ന്യൂഡല്‍ഹി: ഇ.ഡി കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.വെരിഫിക്കേഷൻ പൂർത്തിയായാല്‍ സിദ്ദീഖ് കാപ്പൻ ജയില്‍ മോചിതനാകും. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമായിരുന്നു കോടതി ഉത്തരവ്.
എന്നാൽ, ഇ.ഡി കേസിൽ ജാമ്യം നീണ്ടുപോയതോടെയാണ് കാപ്പന്റെ മോചനവും വൈകിയത്. ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. എന്നാൽ, ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാർ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹബാദ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇ.ഡി കേസ് നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിനും ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല.