കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കൊലപാതകം നടന്ന് നാല് ദിവസമായിട്ടും ഇതുവരെയും പ്രതിയിലേക്കെത്താനായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. പ്രതിക്കായുള്ള അന്വേഷണം തുടരുന്നതായി റൂറൽ എസ്പി ആർ കറുപ്പസ്വാമി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാർക്കറ്റ് റോഡിലെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം മറ്റൊരാള്‍ കൂടി കടയിലുണ്ടായിരുന്നതായാണ് ദൃക്സാക്ഷിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. രാജനൊപ്പം ഒരാള്‍ ബൈക്കില്‍ കടയിലേക്ക് വന്നതായി സിസിടിവിയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ ദ്യശ്യങ്ങളിൽ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. കൊലപാതകം നടന്ന 24 ന് രാത്രി 9 മണിക്ക് രാജനൊപ്പം, ഇരുചക്ര വാഹനത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ രാജനൊപ്പമുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാള്‍ ഇതര സംസ്ഥാ നതൊഴിലാളിയാകാമെന്ന സൂചനയിലേക്കാണ് പൊലീസ് എത്തിയത്. ഒരു മൊബൈൽഫോൺ കൂടി കടയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായില്ല. കൊലയാളി രക്ഷപ്പെട്ട രാജന്‍റെ ഇരുചക്ര വാഹനത്തിനായും തെരച്ചിൽ നടത്തുന്നുണ്ട്.