തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാൻ ഇന്നും ആവർത്തിച്ചു. വിവാദമുണ്ടായപ്പോൾ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അതിന് ശേഷം അഞ്ച് മാസത്തോളം അന്വേഷണം നടന്നു. ഇനിയെല്ലാം പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
‘മന്ത്രിയാകുന്നതിൽ നിയമപരമായി യാതൊരു തടസവുമില്ല. താനുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ പൊലീസ് റിപ്പോർട്ട് കണ്ടില്ല. പൊലീസ് റിപ്പോർട്ട് കോടതിയാണ് പരിശോധിക്കേണ്ടത്. ആറ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ ഏതെങ്കിലും രാഷ്ട്രീയക്കാരൻ ഇടപെട്ടുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇന്ത്യൻ ഭരണഘടനയിൽ എനിക്ക് വിശ്വാസമുണ്ട്. അതിനെ അംഗീകരിക്കുന്നു. ഇന്ത്യൻ ഭരണ ഘടന സംരക്ഷിക്കാനായായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പെടുന്നയാളാണ് ഞാൻ. 40 വർഷത്തിലേറെയായി ജനസേവകനാണ്. സാമൂഹിക വിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. വിവാദ വിഷയമുണ്ടായപ്പോൾ ധാർമികത ഉയർത്തി ഞാൻ രാജി വെച്ചിരുന്നു. പാർട്ടി സെക്രട്ടറി ഔദ്യോഗികമായി മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് ഇക്കാര്യം ഞാനുമറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു.