ന്യൂഡൽഹി∙ കാഞ്ചവാലയിൽ യുവതിയെ ഇടിച്ച് കൊലപ്പെടുത്തിയ കാർ കണ്ടെത്താൻ 9 പൊലീസ് വാഹനങ്ങൾ ശ്രമിച്ചിട്ടും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇതിനിടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ആറ് ഫോൺ കോളും പൊലീസ് സ്റ്റേഷനിലേക്ക് 20 ഫോൺ കോളും വന്നു. ഈ സമയത്ത് റോന്തുചുറ്റുകയായിരുന്ന അഞ്ച് വാഹനങ്ങളുൾപ്പെടെ ഒൻപത് വാഹനങ്ങളാണ് കാറിനെ കണ്ടെത്താൻ ശ്രമിച്ചത്.
പുലർച്ചെ 2.18നാണ് പൊലീസിന് ആദ്യ സന്ദേശം ലഭിച്ചത്. 2.20ന് അടുത്ത കോൾ വന്നു. കാറിനടിയിൽ സ്ത്രീയുടെ ശരീരവുമായി ഒടിച്ചു പോകുന്നതു കണ്ടതോടെയാണു പൊലീസിലേക്കു ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നത്. 4.27നാണ് സ്ത്രീയുടെ ശരീരം റോഡിൽ കിടക്കുന്നുവെന്ന് അറിയിച്ച് കോൾ വന്നത്.
കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും യുവതിയുടെ ശശീരം കാറിനടിയിലുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മുന്നിലേക്കും പിന്നിലേക്കും ഓടിച്ച് കാറിൽനിന്നു യുവതിയുടെ ശരീരം തെറിപ്പിച്ചു കളയാൻ ശ്രമം നടത്തി. വാഹനം ഇടിച്ച് അൽപ്പദൂരം കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ ശരീരം വാഹനത്തിൽ കുടുങ്ങിയെന്നു കാറിലുണ്ടായിരുന്നവർ അറിഞ്ഞു. എന്നാൽ നിർത്താൻ കൂട്ടാക്കിയില്ല. ഇതിനിടെ പൊലീസ് വാഹനം കണ്ടതോടെ കാറിനു വേഗം കൂട്ടി. റോഡിൽ യു ടേൺ എടുത്ത് ശരീരം തെറിപ്പിച്ച് കളയാനും ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
പുതുവത്സരരാവിൽ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കാർ അഞ്ജലി സിങ്ങിന്റെ(20) സ്കൂട്ടറിൽ ഇടിച്ചശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ മൃതദേഹം ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിയിലെ കാഞ്ചവാലയിലാണ് കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവര്‍ പിടിയിലായി. മരിച്ച അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പീഡനശ്രമം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.