ദില്ലി: വീണ്ടും പിരിച്ചുവിടലുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ. 18,000-ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി പറയുന്നത്. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി. ആമസോണിന്റെ ഏകദേശം 1% ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ബുധനാഴ്ച ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു. കൂടുതലും ആമസോണിന്റെ റീട്ടെയിൽ ഡിവിഷനും റിക്രൂട്ടിംഗ് പോലുള്ള ഹ്യൂമൻ റിസോഴ്‌സ് പ്രവർത്തനങ്ങളിലുമുള്ളവരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്.
മാസങ്ങളായി പിരിച്ചുവിടലുകളുടെ സാധ്യത ആമസോണിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും – പാൻഡെമിക് സമയത്ത് വളരെയധികം ആളുകളെ നിയമിച്ചതായി കമ്പനി സമ്മതിച്ചിരുന്നു. എന്നാൽ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത് – കമ്പനി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ്. ആദ്യം, സെയിൽസ്ഫോഴ്സ് ഇങ്ക് അതിന്റെ 10% തൊഴിലാളികളെ പിരിച്ചുവിട്ടു. അതിനുശേഷം റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടൽ സംഭവിച്ചാൽ, കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വർഷത്തിലെ ഏറ്റവും മികച്ച സമയമാണ് കടന്നുപോയത്. എന്നാൽ ആ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമായിരുന്നു. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.
വരുമാന വ്യത്യാസത്തോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറഞ്ഞുവരുന്നുണ്ട്. നിലവിൽ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഭൂരിപക്ഷം പേരും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു. ഇതുവഴി ഓൺലൈൻ വിപണി സജീവമാക്കി നിർത്താൻ കഴിഞ്ഞിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇതിന് വ്യത്യാസം വന്നു. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായി ഡിസ്നിയും പിരിച്ചുവിടൽ നടത്തിയിരുന്നു.