കൊല്ലം: റെയിൽവേ ക്വാർട്ടേഴ്‌സിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കസ്‌റ്റഡിയിലെടുത്ത അഞ്ചൽ വയല മുളയ്‌ക്കൽ പള്ളിക്കു സമീപം ലക്ഷംവീട് കോളനിയിൽ നാസിമിനെ (24)റിമാൻഡ് ചെയ്‌തു. ബലാത്സംഗം, കൊലപാതകം, മോഷണം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കരിക്കോട് മങ്ങാട് കൗമുദി നഗർ സ്വദേശിനി ഉമാ പ്രസന്നനെ(32)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് പറയുന്നത്: 29ന് കൊല്ലം ബീച്ചിലാണ് നാസിം യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഉമയെ റെയിൽവേ ക്വാർട്ടേഴ്‌സിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. മരണം ഉറപ്പാക്കാൻ പുറത്തുപോയി ബ്ലേഡ് വാങ്ങിവന്ന് ദേഹത്ത് മുറിവുണ്ടാക്കി. പുലർച്ചെ വരെ മൃതദേഹത്തിന് കാവലിരുന്നശേഷം യുവതിയുടെ ഫോണുമായി കടന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ഇയാൾ സംഭവസ്ഥലത്തെത്തി മൃതദേഹം നോക്കിയിരുന്നു. എന്നാൽ, യുവതി അപസ്‌മാരം ഉണ്ടായതിനെ തുടർന്നാണ് മരിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.
ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ക്വാർട്ടേഴ്സിന്റെ പിൻവശത്തെ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു. ബുധൻ രാവിലെ പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് കണ്ടെത്തിയ ബാഗിലെ രേഖകളിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതിയുടെ ഫോണുമായി നാസിമിനെ 31ന് കൊട്ടിയം പൊലീസ് കണ്ടെത്തിയെങ്കിലും ഇത് ബീച്ചിൽനിന്ന് കിട്ടിയതാണെന്നാണ് ഇയാൾ പറഞ്ഞത്. ഫോൺ വാങ്ങിയശേഷം വിട്ടയച്ച പ്രതിയെ ബുധൻ വൈകിട്ടോടെ അഞ്ചൽ പൊലീസിന്റെ സഹായത്തോടെയാണ് കൊല്ലം ഈസ്‌റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ പോക്‌സോ കേസിൽ പ്രതിയായ ഇയാൾക്കെതിരെ മോഷണക്കേസുമുണ്ട്. വ്യാഴാഴ്‌ച പ്രതിയെ സംഭവസ്ഥലത്തും ബീച്ചിലും എത്തിച്ച് തെളിവെടുത്തു. മൂന്നുവർഷം മുമ്പാണ് ഉമയുടെ ഭർത്താവ് ബിജു മരിച്ചത്. ഇതിനുശേഷം അമ്മയ്ക്കും ഏഴും അഞ്ചും വയസ്സ് പ്രായമുള്ള പെൺമക്കൾക്കൊപ്പം കൊറ്റങ്കര മാമൂട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ലോട്ടറി കച്ചവടവും നടത്തിയിരുന്ന ഉമ രണ്ടുമാസമായി സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന അയത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പോളയത്തോട് ശ്‌മശാനത്തിൽ സംസ്‌കരിച്ചു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ച് കടുത്ത ബലപ്രയോഗം നടന്നിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് പറഞ്ഞു. യുവതിയുടെ ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങിയതായും സൂചനയുണ്ട്. റിപ്പോർട്ട് വന്നശേഷം മാത്രമേ വിശദവിവരം വ്യക്തമാകൂ.