ഹൈദരാബാദ്: തെലങ്കാനയിൽ വ്യവസായി കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ എം.എൽ.എ കോതഗുഡം വെങ്കടേശ്വർ റാവുവിന്‍റെ മകൻ വാനമ രാഘവേന്ദ്ര റാവുവിനെ (രാഘവ) പുറത്താക്കി തെലങ്കാന രാഷ്ട്ര സമിതി. രാഘവയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനായി പാർട്ടി പ്രസിഡന്‍റും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ പല്ല രാജേശ്വർ റെഡ്ഡിയും ഖമ്മം ഇൻ-ചാർജ് നുക്കല നരേഷ് റെഡ്ഡിയും ഉത്തരവ് കൈമാറി.
കുടുംബത്തിലുണ്ടായ സ്വത്ത് തർക്കം പരിഹരിക്കാൻ ഇടനിലക്കാരനായതിന്‍റെ പ്രതിഫലമായി ഭാര്യയുമായി ലൈംഗിക ബന്ധത്തിന് രാഘവ ആവശ്യപ്പെട്ടതായി മരിച്ച എം. നാഗ രാമകൃഷ്ണ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വ്യവസായി കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയാണ് രാഘവ. രാമകൃഷ്ണ, ഭാര്യ ശ്രീലക്ഷ്മി, മക്കളായ സാഹിത്യ, സാഹിതി എന്നിവരാണ് മരിച്ചത്. വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീകൊളുത്തിയായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്.