വെള്ളറട: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 230 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി വ്യാപാരിയെ തമിഴ്നാട് പോലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കേരള അതിര്‍ത്തിയോട് ചേര്‍ന്ന പളുകല്‍ വില്ലേജിലെ കന്നു മാമൂട്ടില്‍ വ്യാപാര സ്ഥാപനം നടത്തി വരുന്ന ഗോപാലനാണ് (57) പിടിയിലായത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗൺ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് അമിത വിലയ്ക്ക് വില്‍പന നടത്താനാണ് പുകയില ഗോഡൗണിൽ സൂക്ഷിച്ചത്. കന്യാകുമാരി ജില്ല പോലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പളുകല്‍ എസ്.ഐ മഹേശ്വരരാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. പാറശ്ശാലയിലെ ഒരു ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ചു വില്‍പന നടത്താനായിരുന്നു 26 ചാക്ക് കെട്ടുകളിലായി പുകയില ഉല്‍പന്നങ്ങള്‍ സൂഷിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.