ദില്ലി: ക്രമസമാധാന പാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ദില്ലി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ ഉപദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗവർണറുടെ കത്തിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാൻ സമ്മതമാണെന്ന് ഗവർണർ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, എല്ലാ എംഎൽഎമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ നിരാകരിച്ചു.
ഗവർണർക്ക് തങ്ങളെ അഞ്ച് മിനിറ്റ് കാണാമായിരുന്നുവെന്നാണ് ഇപ്പോൾ കെജ്രിവാൾ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങളെ കാണാൻ നിങ്ങൾക്ക് അഞ്ച് മിനിറ്റ് ചെലവാക്കാമായിരുന്നു. ദില്ലി മന്ത്രിസഭയും എംഎൽഎമാരും നിങ്ങളുടെ വസതിക്ക് പുറത്ത് നിൽക്കുകയായിരുന്നെങ്കിൽ അത് ദില്ലിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമായിരിക്കുമെന്ന് വ്യക്തമാണല്ലോ കെജ്രിവാൾ ലഫ്റ്റനന്റ് ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞു. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ഹാജർ കുറവാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗവർണർ കെജ്രിവാളിനെ കടന്നാക്രമിച്ചിരുന്നു.സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ഹാജർനില 2012-2013ൽ 70.73 ശതമാനമായിരുന്നു. അത് 2019-2020ൽ 60.65 ശതമാനമായി കുറഞ്ഞെന്നാണ് ഗവർണർ പറഞ്ഞത്. കേന്ദ്ര സർക്കാരും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും മുൻകാലങ്ങളിൽ ദില്ലിയിലെ ജനങ്ങളുടെ ജോലി തടസ്സപ്പെടുത്തിയിരുന്നില്ലെങ്കിൽ, അവർ ഇപ്പോൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമായിരുന്നു എന്നാണ് ഇതിനു മറുപടിയായി കെജ്രിവാൾ പറഞ്ഞത്.