ദില്ലി: കേന്ദ്ര സർവീസുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എട്ട് വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്ത 71,000 നിയമന കത്തുകൾ തുച്ഛമാണെന്നും കോൺഗ്രസ് പറഞ്ഞു. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെക്കുറിച്ച് ഖാർഗെ ഓർമിപ്പിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിലെ 30 ലക്ഷം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ വകുപ്പുകളിൽ 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നിങ്ങൾ ഇന്ന് വിതരണം ചെയ്യുന്ന 71,000 നിയമനകത്തുകൾ വളരെ കുറവാണ്. ഒഴിവുള്ള തസ്തികകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കണം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്ന് നിങ്ങൾ യുവാക്കളോട് പറയൂവെന്നും ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഇത്തരം മേളകൾ സർക്കാറിന്റെ അഭ്യാസം മാത്രമാണെന്നും ഖാർഗെ വിമർശിച്ചു. ‘റോസ്ഗർ മേള’ ഡ്രൈവിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിലെ റിക്രൂട്ട്‌മെന്റുകൾക്കായി 71,426 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി മോദി വിതരണം ചെയ്തിരുന്നു.