തിരുവനന്തപുരം∙ കാർഷിക മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 971.71 കോടി രൂപ വകയിരുത്തി. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വിള പരിപാലന മേഖലയ്ക്കായി 732.46 േകാടി രൂപയും റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപയും അനുവദിച്ചു. തേങ്ങയുടെ താങ്ങുവില 32 ൽ നിന്ന് 34 രൂപയായി ഉയര്‍ത്തി.
കയര്‍ ഉല്‍പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപയും കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപയും അനുവദിച്ചു. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടിനായി 43.55 കോടി രൂപ അനുവദിച്ചു. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.10 കോടി രൂപയും തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപയും അനുവദിച്ചു. പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിന് 90 കോടി രൂപ വകയിരുത്തി. നെൽകൃഷി വികസനത്തിനായി 95.10 കോടി രൂപയും കാർഷിക കർമ സേനയ്ക്കായി 8 കോടി രൂപയും അനുവദിച്ചു.
നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപയും നാളികേര മിഷന്റെ ഭാഗമായി വിത്തുതേങ്ങ സംഭരിക്കുന്നതിനും കൃഷി വകുപ്പ് ഫാമുകളിലൂടെ തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപ വകയിരുത്തി. സുഗന്ധ വ്യഞ്ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 4.60 കോടി രൂപ വകയിരുത്തി. ഫലവർഗ കൃഷി വിപുലീകരിക്കാനായി 18.92 കോടി രൂപ വകയിരുത്തി. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതികൾക്കായി 93.45 കോടി രൂപ വകയിരുത്തി.
വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിന് കൃഷിവകുപ്പിന് കീഴിൽ 2 കോടി രൂപയും സ്മാർട്ട് കൃഷിഭവനുകൾക്കായി 10 കോടി രൂപയും കൃഷി ദർശൻ പരിപാടികൾക്കായി 2.10 കോടി രൂപയും അനുവദിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് 6 കോടി രൂപയും ഫാം യന്ത്രവൽക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 19.81 കോടി രൂപയും വകയിരുത്തി. കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടി രൂപയും വകയിരുത്തി. കാർഷികോൽപന്നങ്ങളുടെ വിപണനം, സംഭരണം, വെയർ ഹൗസിങ് എന്നിവയ്ക്കായി 74.50 കോടി രൂപ വകയിരുത്തി.