കൊച്ചി> ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചിൽ പൊലീസിനും സ്വകാര്യവാഹനങ്ങൾക്കും വഴിയാത്രക്കാർക്കും നേരെ ആക്രമണം. ഡിഡിസി പ്രസിഡന്റും നേതാക്കളും ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. രണ്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളും കണ്ണാടിയും കല്ലെറിഞ്ഞ് തകർത്തു. രണ്ട് സ്വകാര്യ കാറുകൾക്കുനേരെയും ആക്രമണമുണ്ടായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ വഴിയാത്രികർക്കുനേരെയും തട്ടിക്കയറി.
പകൽ 11ന് മേനക ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെടുത്തി. സ്വകാര്യവാഹനങ്ങള്‍ ഉൾപ്പെടെ തടഞ്ഞു. രണ്ട് കാറുകൾ ആക്രമിച്ചു. മഹാരാജാസ് കോളേജിനുമുന്നിൽ പൊലീസ് പ്രകടനം തടഞ്ഞതോടെ കൂടുതൽ ആക്രമാസക്തമായി. ബാരിക്കേഡ് മറിച്ചിട്ട് ആക്രമണം അഴിച്ചുവിട്ട പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലഭാഗത്തുനിന്നും പൊലീസിനുനേരെ കല്ലേറുണ്ടായി. പൊലീസ് വാഹനങ്ങളിൽ ഒന്നിന്റെ കണ്ണാടിയും മറ്റൊന്നിന്റെ ഹെഡ്‌ലൈറ്റിന്റെ ഗ്രില്ലും കല്ലേറിൽ തകർന്നു. 5000 രൂപയുടെ നഷ്‌ടമുണ്ടായി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ഭാരവാഹികളായ അബ്‌ദുൾ മുത്തലിബ്, ദീപ്‌തി മേരി വർഗീസ്, എൻ വേണുഗോപാൽ, കെ പി ധനപാലൻ എന്നിവരുൾപ്പെടെ 500 പേർക്കെതിരെ കേസെടുത്തു.