രാജസ്ഥാൻ : രാജസ്ഥാനിൽ ബജറ്റ് അവതരണത്തിനിടെ ബജറ്റ് മാറി വായിച്ച സംഭവത്തിൽ ധനമന്ത്രകൂടിയായ മുഖ്യമന്ത്രി അശോക് ഗെലോട്ട് എ ഐസിസി നേതൃത്വത്തിന് വിശദീകരണം നൽകി. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവെന്നാണ് ഗെലോട്ട് നൽകിയ വിശദീകരണം. സർക്കാർ അന്വേഷണം പുരോഗമിക്കുന്നുവെന്നും അശോക് ഗലോട്ട് എഐസിസിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റ് വായിച്ചതിൽ ഗെലോട്ടിനോട് എഐസിസി വിശദീകരണം തേടിയിരുന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ആദ്യ എട്ട് മിനുട്ടോളം ബജറ്റ് വായിച്ചതിന് ശേഷമാണ് പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. ഉടൻ ചീഫ് വിപ്പ് ഇടപെട്ട് ബജറ്റ് അവതരണം നിർത്തി. 2022-2023 സാമ്പത്തിക വർഷത്തെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആദ്യത്തെ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് മുറുമുറുപ്പയർന്നു. പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷം പരിഹാസവുമായി രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ പുതിയ ബജറ്റിനായി പരക്കം പാഞ്ഞു. ഒടുവിൽ ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു നൽകി.
എന്നാൽ ഉദ്യോഗസ്ഥർ കൊണ്ടുവന്ന പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയാണ് സഭയിലേക്ക് ബജറ്റ് കൊണ്ടുവരേണ്ടതെന്നും ഉദ്യോഗസ്ഥർ നൽകിയ ബജറ്റ് ചോർന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കർ സി.പി. ജോഷി ഇടപെട്ടെങ്കിലും പ്രതിക്ഷം പ്രതിഷേധം തുടർന്നു. സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭ 30 മിനുട്ട് നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ചതിന് ശേഷവും ബി.ജെ.പി. എം.എൽ.എമാർ നടുത്തളത്തിൽ കുത്തിയിരുന്നു.
പ്രതിഷേധം തുടർന്നതോടെ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു. അതേസമയം, ഇതേ അബദ്ധം മുമ്പ് ബിജെപിക്കും സംഭവിച്ചിട്ടുണ്ടെന്ന് ഗെലോട്ട് ന്യായീകരിച്ചു. ബജറ്റ് ചോർന്നിട്ടില്ലെന്നും പുതിയ ബജറ്റിൽ പഴയ ബജറ്റിന്റെ പേജുകൾ അറിയാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ ബജറ്റ് അവതരിപ്പിച്ച് രാജസ്ഥാൻ നിയമസഭയെ മുഖ്യമന്ത്രി അവഹേളിച്ചിരിക്കുന്നുവെന്ന് ബിജെപി എംഎൽഎ രാജേന്ദ്ര റാത്തോഡ് പറഞ്ഞു. ഗെലോട്ട് സർക്കാറിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ്.