തിരുവനന്തപുരം: നെല്ല് സംഭരണത്തിലെ അഴിമതി കണ്ടെത്തുന്നതിന് വിജിലൻസിന്റെ സംസ്ഥാന വ്യാപക മിന്നൽ പരിശോധന തുടങ്ങി. സംസ്ഥാന പൊതുവിതരണ വകുപ്പിന് കീഴിലെ സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസർമാരും സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള ചില കൃഷി ഓഫീസർമാരും നെല്ല് സംഭരണത്തിനായി മില്ലുടമകൾ നിയോഗിക്കുന്ന ഏജന്റുമാരും ഒത്ത് കളിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന പരാതി ലഭിച്ചിരുന്നു.
കർഷകരിൽ നിന്നും യഥാർഥത്തിൽ സംഭരിക്കുന്ന നെല്ലിന്റെ അളവിൽ കൃത്രിമത്വം കാണിച്ച് സർക്കാർ നെല്ലിന്റെ താങ്ങുവിലയായി നൽകുന്ന സഹായധനത്തിൽ നിന്നും വൻതുക തട്ടിയെടുക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന. ഇന്ന് രാവിലെ 11 മുതൽ സംസ്ഥാനത്തെ മുഴുവൻ പാഡി മാർക്കറ്റിങ് ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന തുടങ്ങി.
ഇന്ന് നടക്കുന്ന മിന്നൽ പരിശോധനയിൽ കൃഷി സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സ്ഥല പരിശോധനകളും നടത്തും. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുക്കുന്നു.