കൊച്ചി> യൂറോപ്പിന്റെ ഹരമായി മാറിക്കഴിഞ്ഞ ‘കാർ ആൻഡ് കൺട്രി ഷോ’ എന്ന സാഹസികയാത്രാ ഷോയ്‌ക്ക് കേരളവും പശ്ചാത്തലമാകാൻ പോകുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാരംഭിച്ച ഷൂട്ടിങ് ആലപ്പുഴയിലും വയനാട്ടിലുമായി പുരോഗമിക്കുന്നു. 12 ദിവസത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കി മലയാളികളും വിദേശികളും അടങ്ങുന്ന സംഘം മാർച്ച് രണ്ടിന് ഗർഫിലേക്ക് മടങ്ങും.
സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക താൽപ്പര്യ പ്രകാരം ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് ഷൂട്ടിങിന് തുടക്കമായിരിക്കുന്നത്. യൂറോപ്പിന് പുറത്ത് ആദ്യമായാണ് ചിത്രീകരണം. പോർഷെ ട്രാക്ക് വെർഷൻ ജിടി കാറുകൾ, പോർഷെ ഇലക്ട്രിക് ടെയ്കൻ, പോർഷെ എസ് യുവി മകാൻ, കയേൻ തുടങ്ങിയ മോഡലുകളാണ് ചിത്രീകരണത്തിനായി അണിനിരക്കുന്നത്. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌കോട്‌ലാൻഡ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിനു ശേഷമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. കേരളത്തിൽ കളരിപ്പയറ്റ്, കഥകളി, ഹൗസ്‌ബോട്ടുകൾ, വള്ളംകളി, ഭക്ഷ്യവിഭവങ്ങൾ, മലയോരങ്ങൾ, കായലുകൾ, നെൽവയലുകൾ, തേയിലത്തോട്ടങ്ങൾ തുടങ്ങിയവ പശ്ചാത്തലമാക്കിയാണ് ഷോയുടെ തുടർന്നുള്ള എപ്പിസോഡുകൾ ഒരുങ്ങുന്നത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചി സ്വദേശി ദീപക് നരേന്ദ്രൻ 2014ലാണ് ഷോയ്ക്ക് തുടക്കമിട്ടത്. കാർ പ്രേമിയും കോഴിക്കോട് സ്വദേശിയുമായ ആഷിഖ് താഹിർ കൂടി ചേർന്നതോടെ ഷോയ്‌ക്ക് പുതിയ മാനങ്ങൾ കൈവരിച്ചു. ലോക കാർ റേസിങ്ങ് ചാമ്പന്യായിരുന്ന ജെയിംസ് ഹണ്ടിന്റെ മകൻ ഫ്രെഡ്ഡി ഹണ്ടും ഒപ്പമുണ്ട്. ചാർലറ്റ് ഫാന്റെല്ലി, പോൾ റിച്ചാർഡ്‌സ്, സാമ്മി സീലി, പാഡ്ഡി കിങ്, ആദം ബെർടെൻഷാ, കെൻ ക്ലേ, മാൽകം ടാർഗറ്റ്, ഏമി ഹോളിഡേ, ഐമി വാട്ട്‌സ്, പ്രീതം മാധവൻ, മരിയോൺ ഫെർഗ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.
ബ്രാൻഡഡ് സ്റ്റുഡിയോസ്, സെർച്ച്‌ലെറ്റ് പ്രൊഡക്ഷൻസ് എന്നിവരാണ് കേരളത്തിലെ ചിത്രീകരണത്തിന്റെ ചുമതലക്കാർ. ആദ്യഘട്ടത്തിൽ എമിറേറ്റ്സ്, സ്റ്റാർ ടിവി, നാഷനൽ ജ്യോഗ്രഫിക്, സ്റ്റാർ ഹെൽത്ത് എന്നിവരായിരുന്നു പ്രായോജകർ. ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ കണ്ടറിഞ്ഞാണ് ആമസോൺ പ്രൈം യുകെയിലേയ്ക്കു മാറിയത്.
കേരളത്തിന്റെ പഞ്ചാത്തലത്തിൽ 42 മിനിറ്റ് നീണ്ടു നിൽക്കുന്ന രണ്ട് എപ്പിസോഡുകളാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ദീപക്കും ആഷിഖും പറഞ്ഞു. ആഗോളതലത്തിൽ എപ്പിസോഡുകൾ ലഭ്യമാക്കാനുള്ള ആലോചനകൾ നടന്നു വരുന്നതായും അവർ പറഞ്ഞു.