മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.
വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിർത്തിവച്ചു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. ദീപിക പദുക്കോണ്‍ ആണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.
‘ഗുഡ്ബൈ’ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ‘ഗുഡ്ബൈ’ക്കുണ്ട്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. വികാസിന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്ത, അഭിഷേക് ഖാന്, എല്ലി അവ്റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.