മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്ന് ഏഴ് ആണ്ട്. നിരവധി പേരാണ് മണിയുടെ ഓർമകൾ പങ്കുവച്ച് രംഗത്തെത്തുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ അതുല്യകലാകാരൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. ഈ അവസരത്തിൽ കലാഭവൻ മണിയുടെ ഓർമകൾ പങ്കുവയ്ക്കുക ആണ് സംവിധായകൻ വിനയകൻ.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും അസാധാരണ കഴിവുകളാൽ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് വിനയൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു സംവിധായകന്റെ പ്രതികരണം.
‘മണി യാത്രയായിട്ട് ഏഴു വർഷം…സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരൻെറ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു..ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തൻേറതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്… ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്… ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികൾ…’, എന്നാണ് വിനയൻ കുറിച്ചത്.
കലാഭവൻ മണിയുടെ നാല്പത്തിയഞ്ച് വർഷത്തെ ജീവിതം പകുത്തു പറഞ്ഞാൽ നിത്യ ദാരിദ്യവും തീരാ ദുരിതയും തീർത്ത പകുതി. അധ്വാനവും പ്രതിഭയും കൊണ്ട് കീഴടക്കിയ ബാക്കി ദൂരം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവൻ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. ദുരന്ത കഥയിലെ നായകനായി 2016 മാർച്ച് ആറിന് വീണുപോയപ്പോൾ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യർ. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തിൽ തന്നെ അവർ നിർത്തിയിരിക്കുന്നു.