കർണാൽ : ഇന്ത്യയിലെ നിരക്ഷരതയ്ക്കു കാരണം ബ്രിട്ടീഷ് ഭരണമാണെന്ന ആരോപണവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിന് മുന്‍പ് ഇന്ത്യയില്‍ ജനസംഖ്യയുടെ 70 ശതമാനവും അറിവുള്ളവരായിരുന്നു. തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലായിരുന്നു. അന്ന് ബ്രിട്ടനിൽ 17 ശതമാനം മാത്രമേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസരീതി അടിച്ചേല്‍പ്പിച്ചതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ളവരുടെ എണ്ണം 17 ശതമാനമായി താഴ്ന്നു. ജാതിമത ഭേദങ്ങളില്ലാതെയാണ് ഇന്ത്യയില്‍ മുന്‍പ് വിദ്യാഭ്യാസം നല്‍കിയിരുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
‘ബ്രിട്ടിഷ് ഭരണത്തിനു മുൻപ് ഇന്ത്യയിൽ 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. അന്ന് തൊഴിലില്ലായ്മയും ഉണ്ടായിരുന്നില്ല. ജാതിയുടെയും വർണത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ, എല്ലാവരെയും സ്വാശ്രയരാക്കാൻ ഉന്നമിട്ടുള്ളതായിരുന്നു അന്നത്തെ വിദ്യാഭ്യാസ രീതി. പക്ഷേ, ബ്രിട്ടിഷുകാർ അവരുടെ നാട്ടിലെ വിദ്യാഭ്യാസ രീതി ഇവിടെ അടിച്ചേൽപ്പിച്ചു. ഇത് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുകളഞ്ഞു’ – മോഹൻ ഭാഗവത് പറഞ്ഞു.
‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലിൽ മാത്രം അധിഷ്ഠിതമായിരുന്നില്ല. മറിച്ച് അറിവിൽ അധിഷ്ഠിതമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ എല്ലാവർക്കും ലഭ്യമായിരുന്നു. വിദ്യാഭ്യാസത്തിന്റെ ചെലവത്രയും വഹിച്ചിരുന്നത് സമൂഹമാണ്. ഈ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പുറത്തിറങ്ങിയ പണ്ഡിതർക്കും കലാകാരൻമാർക്കുമെല്ലാം ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും അർഹിക്കുന്ന പരിഗണനയും ലഭിച്ചിരുന്നു’ – മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.