ലഖ്നോ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഉത്തർപ്രദേശ് സർക്കാരിന് ദാനം ചെയ്ത് 85കാരൻ. മുസാഫർനഗർ സ്വദേശിയായ നാഥു സിങ് എന്നയാളാണ് തന്‍റെ സ്വത്തുക്കൾ സർക്കാരിന് വിട്ട് കൊടുത്തത്.
ഭാര്യയുടെ മരണത്തോടെ ഒറ്റക്കായ നാഥു സിങ് ഏഴ് മാസം മുമ്പാണ് വൃദ്ധസദനത്തിലേക്ക് താമസം മാറിയത്. തന്നെ കാണുന്നതിനായി മക്കളാരും എത്താതായതോടെയാണ് മരണശേഷം സ്ഥലത്ത് ആശുപത്രിയോ സ്കൂളോ പണിയണമെന്നാവശ്യപ്പെട്ട് സ്വത്തുക്കൾ സർക്കാരിന് നൽകിയത്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജിന് ദാനം ചെയ്യുമെന്നും മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കുമായി തന്റെ ശരീരം ദാനം ചെയ്യുമെന്ന് വിൽപത്രത്തിൽ അദ്ദേഹം പറഞ്ഞു. വിൽപത്രം തങ്ങൾക്ക് ലഭിച്ചെന്നും അദ്ദേഹത്തിന്റെ മരണശേഷം ഇത് പ്രാബല്യത്തിൽ വരുമെന്നും പ്രദേശത്തെ സബ് രജിസ്ട്രാർ വ്യക്തമാക്കി.