കുട്ടികൾ കളിക്കുന്നതിനിടയിൽ നാണയങ്ങളും ചെറിയ കളിപ്പാട്ടങ്ങളും ഒക്കെ വിഴുങ്ങി അപകടാവസ്ഥയിൽ ആകുന്ന നിരവധി സംഭവങ്ങൾ അനുദിനം നടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും മുതിർന്നവർ പോലും പരിഭ്രാന്തരായി മാറാറാണ് പതിവ്. എന്നാൽ, കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺസിനെ ഒന്നാകെ അത്ഭുതപ്പെടുത്തുകയാണ്. തൻറെ കുഞ്ഞനുജന്റെ തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങുമ്പോൾ മൂന്നു വയസ്സുകാരനായ ചേട്ടൻ ധൈര്യസമേതം അവനെ രക്ഷിക്കുന്നതിന്റെ വീഡിയോയാണിത്. ഹീറോ എന്നാണ് ഈ മൂന്നു വയസ്സുകാരനെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
അമ്മയും മൂന്നു വയസ്സുകാരനായ മകനും ഹുല-ഹൂപ്പ് കളിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. മാസങ്ങൾ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവൻ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നതും വായിൽ മറ്റെന്തോ വസ്തു ഇട്ടിരിക്കുന്നതും കാണാം. അപ്പോൾ അവന് പുറകിലായി നിന്നുകൊണ്ട് ഹുല-ഹൂപ്പ് കളിച്ചിരുന്ന മൂന്നു വയസ്സുകാരൻ ചേട്ടൻ അവൻറെ അരികിലേക്ക് വരുന്നു. അവൻറെ അരികിൽ വന്നു നിന്ന് കളിക്കുന്നതിനിടയിലാണ് ചേട്ടൻ അവൻറെ വായിൽ എന്തോ കിടക്കുന്നത് കണ്ടത്.
പിന്നെ ഒരു നിമിഷം പോലും വൈകിയില്ല. ഹുല-ഹൂപ്പ് നിലത്തിട്ട് അനിയനെ പിടിച്ചു നിർത്തി വാ തുറന്ന് അവൻറെ വായിൽ കിടന്നിരുന്ന സാധനം എടുത്ത് അമ്മയെ ഏൽപ്പിക്കുന്നു. അപ്പോൾ മാത്രമാണ് അമ്മ കുഞ്ഞിൻറെ വായിൽ ഇങ്ങനെയൊരു സാധനം കിടന്നിരുന്നു എന്ന കാര്യം അറിയുന്നതു തന്നെ. ഏതായാലും സംഭവിക്കാമായിരുന്ന ഒരു വലിയ അപകടം മുൻകൂട്ടി കണ്ട് തന്റെ കുഞ്ഞനുജനെ രക്ഷിച്ച മൂന്നു വയസ്സുകാരൻ ചേട്ടനെ ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ അഭിനന്ദിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.
Handled that without breaking a sweat 😮 pic.twitter.com/FNlF4Fb7ZB
— chris evans (@notcapnamerica) March 6, 2023