തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണക്കേസിൽ പ്രതിയായ വട്ടിയൂര്‍ക്കാവ് സ്വദേശി ബാഹുലേയന്‍ ഒടുവിൽ പിടിയിലായി. കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്.
58 വയസുകാരനാണ് പിടിയിലായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ബാഹുലേയന്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 30 മോഷണക്കേസുകളില്‍ പ്രതി. പക്ഷേ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റബ്ബര്‍ ഷീറ്റ്, അടക്ക മോഷണക്കേസ് അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് മങ്കയത്ത് താമസിക്കുന്ന ജോളി ജോസഫിന്‍റെ വീട്ടില്‍ നിന്നും രാത്രിയില്‍ റബ്ബര്‍ ഷീറ്റ് മോഷണം, കല്ലംചിറയിലെ നാസറിന്‍റെ വീട്ടിലെ അടക്ക മോഷണം, പാത്തിക്കരയിലെ മധുസൂദനന്‍റെ മലഞ്ചരക്ക് കടയില്‍ നടന്ന അടക്ക മോഷണം, നെല്ലിയറയിലെ അബൂബക്കറിന്‍റെ വീട്ടിലെ റബ്ബര്‍ഷീറ്റ് മോഷണം എന്നിവ നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ അങ്ങോളമിങ്ങോളം പല പേരുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കല്യാണരാമന്‍, ദാസ്, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ എന്നീ പേരുകളിലെല്ലാം ഇയാള്‍ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് എസ്ഐ വിജയകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബാഹുലേയനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.