ദില്ലി: വാർത്താ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയെ ജയറാം രമേശ് തിരുത്തിയ സംഭവത്തെ പരിഹസിച്ച് ബിജെപി. തന്റെ ലണ്ടൻ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കാനാണ് രാഹുൽ വാർത്താസമ്മേളനം വിളിച്ചത്. സംസാരത്തിനിടെ രാഹുൽ പറഞ്ഞതിനെ തിരുത്തി ജയറാം രമേശ് ഇടപെടുകയായിരുന്നു.
“നിർഭാഗ്യവശാൽ, ഞാനൊരു പാർലമെന്റംഗമാണ്. പാർലമെന്റിൽ ആ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്റെ അവസരം എന്നത് ജനാധിപത്യ അവകാശമാണ്” എന്നാണ് രാഹുൽ പറഞ്ഞത്. ഉടൻ തന്നെ ജയറാം രമേശ് അദ്ദേഹത്തെ തടഞ്ഞു. ബിജെപിക്കാർ ഇതൊരു അവസരമായിക്കണ്ട് പരിഹസിക്കുമെന്നും നിർഭാഗ്യവശാൽ എന്നത് ജനങ്ങളുടെ നിർഭാഗ്യത്താൽ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടു. പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും എല്ലാവരും കേട്ടു, വീഡിയോയിൽ റെക്കോർഡാവുകയും ചെയ്തു. ഉടൻ തന്നെ രാഹുൽ അതേറ്റു പറയുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവം ബിജെപി ഏറ്റെടുത്തു. എത്ര കാലം, എങ്ങനെയൊക്കെ താങ്കൾ അദ്ദേഹത്തെ പഠിപ്പിക്കും. ബിജെപി നേതാവ് സംപീത് പത്ര പരിഹസിച്ചു.
വെള്ളിയാഴ്ച പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. “ഞാൻ ഇന്ന് രാവിലെ പാർലമെന്റിലെത്തിയത് ഞാൻ ലണ്ടനിൽ പറഞ്ഞതും എനിക്ക് തോന്നുന്നതുമായ കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നാല് മന്ത്രിമാർ സഭയിൽ എനിക്കെതിരെ ആരോപണം ഉന്നയിച്ചു. സഭയിൽ സംസാരിക്കുക എന്നത് എന്റെ അവകാശമാണ്”. രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി നേതാക്കൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അക്കാര്യത്തിൽ സംസാരിക്കാൻ പാർലമെന്റംഗമെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്നും സ്പീക്കറോട് പറഞ്ഞു. സ്പീക്കർ ചിരിക്കുക മാത്രമാണ് ചെയ്തത്. എംപി എന്ന നിലയിൽ തന്റെ ആദ്യത്തെ ഉത്തരവാദിത്തം സഭയിൽ മറുപടി നൽകുക എന്നതാണ്. അതിനു ശേഷമേ മാധ്യമങ്ങളോട് അക്കാര്യം വിശദീകരിക്കേണ്ടതുള്ളു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.