ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിലിന്റെ (44) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ മൂന്നായി. മരിച്ചവരില്‍ രണ്ട് പേരും മലയാളികളാണ്. ബില്‍ശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.
മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി – 48) ആണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവന്‍ അബ്‍ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസല്‍. ഭാര്യ – റബീന. മക്കള്‍ – റന, നദ, മുഹമ്മദ് ഫെബിന്‍.ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. അന്നു തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിവരവെയാണ് രണ്ട് മലയാളികളുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് പേരെ അപകട സ്ഥലത്തു നിന്ന് ബുധനാഴ്ച തന്നെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രണ്ട് സ‍്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റിയിരുന്നു.