ബെംഗളുരു : കർണാടകയിൽ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇത് വിജയസങ്കൽപ്പ രഥയാത്രയല്ല, വിജയിച്ച് കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോനുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാടായ കലബുറഗി കോർപ്പറേഷനിൽ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കർണാടകത്തിൽ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയിൽ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാർട്ടി പ്രവർത്തകനെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സ്വന്തം പാർട്ടിക്കാരെ മാനിക്കാത്ത കോൺഗ്രസ് നേതാക്കൾ ജനങ്ങളെ മാനിക്കുമോ? ബിജെപിയിൽ ചെറുതും വലുതുമെന്ന വ്യത്യാസമില്ല, എല്ലാവരും ഒരു പോലെയാണ്. ബെംഗളുരു മെട്രോ ഉദ്ഘാടനവും തുമക്കുരു എച്ച്എഎൽ ഫാക്ടറിയും ശിവമൊഗ്ഗ വിമാനത്താവളവും ബെംഗളുരു മൈസുരു എക്സ്പ്രസ് വേയും കർണാടകയുടെ വികസനത്തിന്‍റെ അടയാളങ്ങളാണ്.
കോൺഗ്രസ് സർക്കാരിനെക്കൊണ്ട് കർണാടകയ്ക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. കർണാടകയിൽ ശക്തമായ, സമ്പൂർണ ഭൂരിപക്ഷമുള്ള സ്ഥിര സർക്കാർ വേണം. നിങ്ങൾക്ക് വികസനമെത്തിക്കാൻ എനിക്ക് കർണാടകയിൽ ശക്തമായ സർക്കാർ വേണം. സൗജന്യ വാഗ്ദാനങ്ങൾ പലതും കോൺഗ്രസ് നൽകും. ഹിമാചൽ അതിന് ഉദാഹരണമാണ്. അത് പോലൊരു പാർട്ടിയെ വിശ്വസിക്കാൻ കൊള്ളുമോ? നുണപ്പാർട്ടിയാണ് കോൺഗ്രസ്.
കോൺഗ്രസ് എന്നും ജനങ്ങളെ ചതിക്കുന്ന പാർട്ടിയാണ്. കോൺഗ്രസിന്‍റെ പക്കൽ രാജ്യത്തിന് വേണ്ടിയോ കർണാടകയ്ക്ക് വേണ്ടിയോ പോസിറ്റീവ് അജണ്ടയില്ല. കോൺഗ്രസിന്‍റെ സ്വപ്നം മോദിയുടെ ഖബർ കുഴിക്കുന്നതാണ്. കോൺഗ്രസിനറിയില്ല, മോദിയുടെ താമര വിരിയുമെന്നതാണ് ജനങ്ങൾ അവർക്ക് നൽകാൻ പോകുന്ന മറുപടി. ‘മോദി തേരാ കമൽ ഖിലേഗാ’ (മോദിയുടെ താമര വിരിയും) എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി ഉയർത്തിയത്.