കോട്ടയം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ അനുമതി പോലും നിഷേധിച്ചുവെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.
എൻ എസ് എസ് നേതൃത്വത്തിൽ ഇരിക്കുന്നവർ മാടമ്പിത്തരം കാണിക്കുകയാണ്. ഇവർ മാറി നിന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാലചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്ന എൻ എസ് എസ് നേതൃത്വം പിന്തിരിപ്പൻമാരാണ്. സമുദായത്തിലെ സാധാരണക്കാർ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വെള്ളാപ്പള്ളി വിമർശിച്ചു.
ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിയുണ്ടായി. മന്നം സമാധി സന്ദർശനത്തിന് സ്വാമിമാർ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാർ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദർശനത്തിന് അനുമതി നൽകാൻ എസ് എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.