തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് ഒടുവിൽ കേരളത്തിന് വന്ദേഭാരത് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. റൂട്ടിന് റെയിൽവേ ബോർഡ് ഉടൻ അനുമതി നൽകും.നിരക്കും പിന്നാലെ പ്രഖ്യാപിക്കും. ഈ മാസം 25 ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട് കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം റൂട്ടിലും എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
കേരളത്തിന് മാത്രം വന്ദേ ഭാരത് നിഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കാത്ത ഏകസംസ്ഥാനം കേരളമാണ്. അതേസമയം വന്ദേഭാരത് വന്നാലും യാത്രയ്‌ക്ക് വേഗം കൂടില്ല. പരമാവധി മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്‌ചാർജ് നൽകേണ്ടി വരും. വന്ദേഭാരത് ട്രെയിനുകൾക്ക് 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് പറയപ്പെടുന്നതെങ്കിലും കേരളത്തിലെ പാതകളിൽ ഒരിക്കലും ഇത് സാധ്യമാകില്ലെന്ന് വിദഗ്‌ധർ പറയുന്നു. ദക്ഷിണ റെയിൽവേയിൽ ഒരിടത്തും ട്രെയിൻ മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ഓടുന്നില്ല.