തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേരളവും. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജ് ആണ് ചെല്‍സി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. `കേരളത്തിന്‍റെ സൗന്ദര്യം! വെര്‍ച്വല്‍ ടൂറിന്‍റെ ഭാഗമായി ആലപ്പുഴയിലെ കായല്‍ഭംഗി ആസ്വദിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്.
ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പ്രകൃതിസൗന്ദര്യം നേരില്‍ ആസ്വദിക്കാന്‍ ചെല്‍സിയെ ക്ഷണിക്കുന്നുവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഫുട്ബോള്‍ ക്ലബ്ബുകളിലൊന്ന് കേരളത്തില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുകയും അതിന്‍റെ സമാനതകളില്ലാത്ത സൗന്ദര്യം അംഗീകരിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നേരില്‍ ആസ്വദിക്കാന്‍ ചെല്‍സിയെ ക്ഷണിക്കുന്നു. കേരള ടൂറിസത്തിനും ഇവിടത്തെ ഫുട്ബോള്‍ ആരാധകര്‍ക്കും വിലമതിക്കാനാകാത്ത സമ്മാനമായിരിക്കും അത്. പ്രകൃതിഭംഗി പോലെ തന്നെ ഫുട്ബോള്‍ ആരാധനയ്ക്കും പേരു കേട്ട നാടാണ് കേരളം.
വലിയൊരു പങ്ക് ആളുകള്‍ ഫുട്ബോള്‍ കളിക്കുകയും കാണുകയും ചെയ്യുന്ന കേരളത്തില്‍ ചെല്‍സിക്ക് നിരവധി ആരാധകരുണ്ട്. കേരളത്തെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ചെല്‍സി അടയാളപ്പെടുത്തിയതിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുള്‍പ്പടെയുള്ളവര്‍ ഈ പ്രദേശത്തെ ശ്രദ്ധിക്കും. ഇംഗ്ലണ്ട് കേരള ടൂറിസത്തിന്‍റെ വലിയ വിപണികളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെല്‍സിയിലെ സാച്ചി ഗാലറിയില്‍ 2010 സെപ്റ്റംബറില്‍ പ്രീമിയര്‍ ചെയ്ത കേരളത്തെക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ‘യുവര്‍ മൊമെന്‍റ് ഈസ് വെയ്റ്റിംഗ്’ എന്ന വീഡിയോയില്‍ സിനിമ, സംഗീതം, ഫാഷന്‍ എന്നീ മേഖലകളില്‍ നിന്നുള്ള പ്രശസ്ത താരങ്ങള്‍ക്കൊപ്പം മുന്‍ ചെല്‍സി സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ പങ്കുചേര്‍ന്നിരുന്നു. കേരളം ഒരു സ്വപ്നദേശമാണെന്നാണ് വീഡിയോ സ്ക്രീനിംഗിനു ശേഷം ദ്രോഗ്ബ പ്രതികരിച്ചത്. നിങ്ങള്‍ ഓരോരുത്തരും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമായിരിക്കും കേരളമെന്ന് മുന്‍ ഇംഗ്ലണ്ട് സ്ട്രൈക്കറും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ഗാരി ലിനേക്കര്‍ പറഞ്ഞു.