തിരുവനന്തപുരം : പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില പ്രകാരം സംഭരണം കാര്യക്ഷമമാക്കുന്നതിനു സംസ്ഥാനത്ത് 25 ഏജന്‍സികള്‍ കൂടി ആരംഭിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. തിരഞ്ഞെടുത്ത ഏജന്‍സികളിലൂടെ നേരിട്ടു പച്ചത്തേങ്ങ സംഭരിക്കും. നിലവില്‍ 5 ജില്ലകളിലുള്ള 5 സംഭരണ കേന്ദ്രങ്ങള്‍ക്കു പുറമേയാണിത്. പച്ചത്തേങ്ങ കിലോയ്ക്കു 32 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. സംഭരണം പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളോടെ കൃഷി വകുപ്പ് ഉത്തരവിറക്കി. പച്ചത്തേങ്ങ സംഭരിക്കാന്‍ കേരഫെഡ് നിശ്ചയിച്ച രേഖകള്‍ സംഘടിപ്പിക്കാന്‍ കാലതാമസമെടുക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള പ്രതിവിധികളൊന്നും ഉത്തരവില്‍ പറയുന്നില്ല. സംഭരണത്തിനു കേരഫെഡിന് ഒരു കോടിയും നാളികേര വികസന കോര്‍പറേഷന് 50 ലക്ഷം രൂപയും വിപണി ഇടപെടലിനായി സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുകയില്‍നിന്നു റിവോള്‍വിങ് ഫണ്ടായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൃഷി ഡയറക്ടര്‍ അനുവദിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു. ഈ മാസം അഞ്ചിനാണ് കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരണം കൃഷി വകുപ്പ് ആരംഭിച്ചത്. ഇതു വരെ 2.5 ടണ്‍ മാത്രമാണു സംഭരിച്ചത്.