കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവാവും സഹായിയും പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി സൂരജും മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ റഹ്മാനും ആണ് പൊലീസിന്‍റെ പിടിയിലായത്. കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിൽ ഒളിപ്പിച്ചാണ് സൂരജ് വിമാനത്താവളത്തിന് പുറത്ത് കടന്നത്.
634 ഗ്രാം സ്വർണ്ണം നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് സൂരജ് ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽ നിന്ന് എയർ ഇന്ത്യയുടെ എവണ 934 വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടന്നെങ്കിലും സംശയം തോന്നി പൊലീസ് എയ്ഡ് പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. സൂരജിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ആണ് മുഹമ്മദ് ഫൈസൽ എത്തിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.രണ്ട് ദിവസം മുമ്പും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണ്ണം പിടികൂടിയിരുന്നു. 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് 1069 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.