മലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുന്നു. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഇതൊക്കെയാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥാപിക്കുന്ന സമയത്ത്, അതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുക എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ഫോറൻസിക് സംഘം ബോട്ടിൽ പരിശോധന നടത്തുന്നത്. ഏകദേശം മൂന്ന് മണിയോടെ തുടങ്ങിയ പരിശോധന പൂർത്തിയായിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് പരിശോധന നടത്തുകയും വിവിധ സാമ്പിളുകൾ ശേഖരിക്കുന്ന ദൗത്യമാണ് ഇപ്പോൾ ഫോറൻസിക് സംഘം തുടരുന്നത്.