മണ്ഡ്യ∙ മഴ പെയ്യിക്കുന്നതിനായി വിചിത്ര നീക്കവുമായി കർണാടകയിൽ ഒരു ഗ്രാമം. മഴദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി രണ്ട് ആൺകുട്ടികളെ തമ്മിൽ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് മണ്ഡ്യയിലെ ഗംഗേനഹള്ളി ഗ്രാമവാസികൾ. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ വിചിത്രമായ ആചാരത്തിലൂടെ ആൺകുട്ടികൾ ‘വിവാഹിതരായത്’.
ആൺകുട്ടികളെ വരനായും വധുവായും അണിയിച്ചൊരുക്കിയായിരുന്നു വിവാഹം. പരമ്പരാഗത രീതിയിലാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മഴ കുറഞ്ഞതോടെയാണ് വിചിത്രമായ വിവാഹം നടത്താൻ ഗ്രാമവാസികൾ തിരുമാനിച്ചത്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ഭാഗമായി ഗ്രാമവാസികൾ പ്രത്യേക സദ്യയും ഒരുക്കിയിരുന്നു.
‘‘ഇത്തവണ മൺസൂണ്‍ വളരെ ദുർബലമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ മഴ കുറവാണ്. ഇക്കാരണങ്ങളാൽ ഞങ്ങൾ ഇത്തരമൊരു വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.’ – പ്രദേശവാസികൾ വ്യക്തമാക്കി.